Breaking News

വീട്ടില്‍ തുടരുന്ന കോവിഡ് ബാധിതരുടെ ശ്രദ്ധിക്ക്; ചുണ്ടില്‍ നീല നിറം വന്നാല്‍ ഉടനടി ചികിത്സ തേടണം…

രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുതല്‍ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമുക്ക് മുമ്ബിലുള്ളത്.

ഈ ഘട്ടത്തില്‍ പലരും കൊവിഡ് പൊസിറ്റീവായ ശേഷവും വീട്ടില്‍ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം നിര്‍ദേശിക്കുന്നത്.

എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്ന കൊവിഡ് രോഗികള്‍ തങ്ങളുടെ ആരോഗ്യാവസ്ഥ ഓരോ ദിവസവും സസൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെട്ടവരാണെങ്കില്‍ പോലും ഇത് നിര്‍ബന്ധമായും ചെയ്തിരിക്കണം.

കാരണം ചുരുങ്ങിയ സമയം കൊണ്ടാണ് കൊവിഡ് രോഗികളുടെ അവസ്ഥകളില്‍ മാറ്റം വരുന്നത്. അണുബാധയുണ്ടായ ആദ്യ ആഴ്ചയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇക്കാലയളവിലാണ് വൈറസിന്റെ അളവ് കൂടുതലായിരിക്കുന്നത്.

ഏതെങ്കിലും തരത്തില്‍ അസാധാരണമായ വിഷമതകള്‍ നേരിട്ടാല്‍ തീര്‍ച്ചയായും ആശുപത്രിയിലെത്തണം. കൊവിഡ് രോഗികള്‍ കരുതേണ്ട അഞ്ച് ലക്ഷണങ്ങള്‍ ഇവയാണ്.

വീട്ടില്‍ തന്നെ തുടരുന്നതിനിടെ ശ്വാസതടസം നേരിടുകയാണെങ്കില്‍ തീര്‍ച്ചയായും അത് പ്രാധാന്യത്തിലെടുക്കണം. നടക്കാനോ കിടക്കാനോ ഒന്നും കഴിയാത്ത സാഹചര്യം വന്നേക്കാം.

അതുപോലെ തന്നെ ശ്വാസം അകത്തേക്കെടുക്കാനും പുറത്തേക്ക് വിടാനും പ്രയാസം തോന്നുന്ന സന്ദര്‍ഭങ്ങളിലും ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. കൊവിഡ് രോഗിയുടെ ഓക്‌സിജന്‍ നില താഴുന്നത് ഏറെ ആശങ്കാജനകമായ അവസ്ഥയാണ്. പലപ്പോഴും രോഗി ഇത് തിരിച്ചറിയണമെന്നില്ല.

ഇതിന് വേണ്ടിയാണ് പല സംസ്ഥാനങ്ങളിലും വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളോട് പള്‍സ് ഓക്‌സിമീറ്റര്‍ കരുതാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ ഓക്‌സിജന്‍ റീഡിംഗ് മനസിലാക്കാന്‍ കഴിയും.

ഓക്‌സിജന്‍ നില പെട്ടെന്ന് വളരെയധികം താഴുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തുക. കൊവിഡ് 19 തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെയും സ്വാഭാവികമായി ബാധിക്കപ്പെടും.

സംസാരിക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട്, അമിത ക്ഷീണം, എപ്പോഴും ഉറക്കം, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെ പോകുന്ന അവസ്ഥ, കാര്യങ്ങളില്‍ അവ്യക്തത തോന്നല്‍ എന്നിവയെല്ലാം രോഗം തലച്ചോറിനെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്നതിന്റെ ലക്ഷണമാണ്.

തീര്‍ച്ചയായും അടിയന്തരമായ മെഡിക്കല്‍ സഹായം ഈ ഘട്ടത്തില്‍ രോഗിക്ക് ലഭിക്കേണ്ടതാണ്. പൊതുവേ കൊവിഡ് സാഹചര്യമല്ലെങ്കിലും ഏത് തരം നെഞ്ചുവേദനയും നിസാരമായി എടുക്കാവുന്നതല്ല.

നെഞ്ചില്‍ അസ്വസ്ഥത, വേദന എന്നിവ അനുഭവപ്പെട്ടാല്‍ തല്‍ക്ഷണം ആശുപത്രിയിലെത്താനുള്ള മാര്‍ഗങ്ങള്‍ തേടുക. ചുണ്ടുകളില്‍ നീല നിറം പടരുക, അല്ലെങ്കില്‍ മുഖത്തിന്റെ ഭാഗങ്ങളില്‍ നീല നിറം പടരുക എന്നീ ലക്ഷണങ്ങള്‍ ഓക്‌സിജന്‍ നില അപകടകരമായി താഴ്ന്നിരിക്കുന്ന എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ഇത് സമയത്തിന് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് വരെ ഭീഷണിയായേക്കാം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …