ഈജിപ്ത് അതിർത്തിയോട് ചേർന്ന് റഫാ തിങ്ങിനിറഞ്ഞ് അഭയാർത്ഥി സമൂഹം. തെക്കൻ ഗാസയിൽ ഏറ്റുമുട്ടൽ രൂക്ഷം. അഭയാർത്ഥി പ്രവാഹം വർദ്ധിക്കുന്നു . ഗാസിൽ സംഭവിക്കുന്നത് സർവ്വനാശം ആണെന്ന് യു എൻ മനുഷ്യാവകാശ വിഭാഗം. ഗാസയിൽ മാനുഷിക പരിഗണനകളാൽ വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് യു എൻ രക്ഷാസമിതിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
99 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് യുഎൻ മേധാവിയുടെ ഈ ഇടപെടൽ .എട്ടാഴ്ച പിന്നിട്ട ഗാസായുദ്ധം ഭീതിദമായ ദുരിതവും നാശനഷ്ടവും ഉണ്ടാക്കിയെന്നും അതു തടയാനായി വെടിനിർത്തലിനു രക്ഷാസമിതി ഇടപെടണമെന്നും ഗുട്ടെറസ് അഭ്യർത്ഥിച്ചു . രാജ്യാന്തര സമാധാനവും സുരക്ഷയും അപകടത്തിൽ ആകുന്ന ഏത് വിഷയത്തിലും രക്ഷാസമിതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഈ വകുപ്പ് യു എൻ മേധാവിക്ക് പ്രയോഗിക്കാം.
കിഴക്കൻ പാകിസ്ഥാനിൽ പാക്ക് സൈന്യം നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി 1971 ഡിസംബർ മൂന്നിന് അന്നത്തെ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ ഈ വകുപ്പ് എടുത്തു പറഞ്ഞിരുന്നു .2017 സ്ഥാനമേറ്റശേഷം ഇത് ആദ്യമാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മുൻഗാമികളും ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. ഗാസയിൽ സംഭവിക്കുന്നത് സർവ്വനാശം ആണെന്ന് യൂ എൻ മനുഷ്യാവകാശ വിഭാഗം പ്രസ്താവിച്ചു. ഡിസംബർ ഒന്നിന് ശേഷം സഹായവിതരണം കാര്യമായി നടന്നിട്ടില്ലെന്നും യു എൻ അറിയിച്ചു.
ഗാസയിലെ യുദ്ധത്തിൽ ഇന്ത്യൻ വംശജനായ ഇസ്രയേൽ റിസർവ് സൈനികൻ മാസ്റ്റർ സർജന്റ് ഗിൽ ഡാനിയേൽസ് കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റു മുട്ടലുകളിൽ ഇതുവരെ 88 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത് .ഇതിൽ നാലുപേർ ഇന്ത്യൻ വംശജരാണ് .വിശേഷ അധികാരമുപയോഗിച്ചുള്ള ഇടപെടലിനെ ഇസ്രായേൽ രൂക്ഷമായി വിമർശിച്ചു. ലോകസമാധാനം ആഗ്രഹിക്കുന്നവർ ഗാസയെ ഹമാസിൽ നിന്ന് മോചിപ്പിക്കുന്നതിനെയാണ് പിന്തുണയ്ക്കേണ്ടത് എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി കോയിൻ പ്രതികരിച്ചു. നഗരങ്ങളിൽ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്.