ന്യൂഡൽഹി: നേതാക്കളുടെ ചെലവിനായി പണം സ്വരൂപിക്കാൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമൂഹ്യക്ഷേമ നികുതി ഒരു തട്ടിപ്പാണ്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയ്ക്കും, ഡൽഹിയിലെ പ്രത്യേക ജനപ്രതിനിധികളുടെയും, കമ്മിഷൻ അദ്ധ്യക്ഷൻമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്നും മുരളീധരൻ ആരോപിച്ചു.
ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചവർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതി വർദ്ധനവിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഏറ്റവും കൂടുതൽ റവന്യൂ കമ്മി ഗ്രാന്‍റ് ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ഗ്രാന്‍റുകളും കുറച്ചിട്ടില്ല. പിണറായി സർക്കാർ സാമ്പത്തിക മാനേജ്മെന്‍റ് മെച്ചപ്പെടുത്തി ധൂർത്ത് അവസാനിപ്പിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സംസ്ഥാന ബജറ്റിനെ വിമർശിച്ച് രംഗത്ത് വന്നു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് മദ്യവില വർദ്ധിക്കുന്നത് കൂടുതൽ പേർ ലഹരിയിലേക്ക് തിരിയാൻ ഇടയാക്കും. ഇന്ധനവില വർദ്ധനവ് പൊതുവിപണിയിൽ വിലക്കയറ്റത്തിന് കാരണമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.