തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി.
കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത 20 കർഷകരിൽ 13 പേർ സ്വന്തം നിലയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. ഒരു കർഷകന് 55,000 രൂപയാണ് യാത്രയ്ക്ക് മാത്രം ചെലവ് വരുന്നത്. ഗ്രൂപ്പായി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. ഇതും യാത്ര തുടരാനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് വിവരം.
ഇസ്രായേലിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കർഷകരുടെ അഭ്യർത്ഥന മാനിച്ചാണ് യാത്ര മാറ്റിവയ്ക്കുന്നതെന്ന് കൃഷിമന്ത്രി നേരത്തെ വിശദീകരണം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ രണ്ട് കോടി രൂപ മുടക്കി ഇസ്രയേൽ സന്ദർശിക്കുന്നതിന്‍റെ പേരിലും വിമർശനം ഉയർന്നിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY