സിറിയ : ഭൂചലനത്തിന്റെ ഭയാനതകളിൽ വിറച്ചു നിൽക്കുന്ന സിറിയയിൽ നിന്നുമുള്ളൊരു വാർത്ത മനസ്സ് നിറക്കുകയാണ്. ജനിച്ച് മണിക്കൂറുകൾ പോലും പിന്നിടാത്ത നവജാതശിശുവിനെ,തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപെടുത്തിയെന്ന വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സിറിയയിൽ അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട അഫ്രിനിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കിടയിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയാണ് കുട്ടിക്ക് ജന്മം നൽകിയത്. എന്നാൽ കുട്ടിയുടെ അമ്മക്കും അച്ഛനും രക്ഷപെടാനായില്ല.
ജനിച്ച് അധിക നേരം ആകാത്ത കുട്ടിയെ മാറോടണച്ച്, തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ വേഗത്തിൽ ഓടി വരുന്ന രക്ഷാപ്രവർത്തകനെ നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തകരുടെ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് അധികൃതർ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദഗ്ധ ചികിത്സ ലഭിച്ച കുട്ടി ഇപ്പോൾ സുരക്ഷിതയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.