പറവൂര്‍: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലധികം പഴകിയ ഇറച്ചി പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. പോത്തിൻ്റെയും കാളയുടെയും ഇറച്ചിക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
പറവൂർ-മൂത്തകുന്നം റോഡിൽ പറവൂർ പാലത്തിനു സമീപം ഇറച്ചിക്കട നടത്തുന്ന കാഞ്ഞിരപ്പറമ്പിൽ നൗഫലിന്‍റെ കടയിൽ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പുഴു പുറത്തേക്ക് വരുന്നത് കണ്ടതിനെ തുടർന്ന് പഞ്ചായത്തിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിക്കൊപ്പം പഴക്കമില്ലാത്തതും ഒരുമിച്ചാണ് ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. ഇറച്ചിക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കടയുടമ തന്നെ സമ്മതിച്ചതായി അധികൃതർ പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കട അധികൃതർ അടച്ചുപൂട്ടി.