കൊച്ചി: വളപട്ടണം ഐ.എസ് കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ശിക്ഷ ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നതുവരെ തടവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എൻ.ഐ.എ കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഒന്നാം പ്രതി കണ്ണൂർ മുണ്ടേരി സ്വദേശി മിദ്‍ലാജ്, രണ്ടാം പ്രതി ചെക്കിക്കുളം സ്വദേശി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി തലശ്ശേരി സ്വദേശി യുകെ ഹംസ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജൂലൈ 15 നു ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വർഷം തടവും രണ്ടാം പ്രതിക്ക് ആറ് വർഷം തടവും കോടതി വിധിച്ചിരുന്നു.
അഞ്ച് വർഷമായി വിചാരണത്തടവുകാരായി ജയിലിലാണ് പ്രതികൾ. ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാൻ സിറിയയിലേക്ക് കടക്കാനും മറ്റ് യുവാക്കളെ കടത്താനും ശ്രമിച്ചതിനാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. വിവിധ വകുപ്പുകൾ പ്രകാരം മിദ്ലാജിനും ഹംസയ്ക്കും കോടതി 21 വർഷം കഠിനതടവ് വിധിച്ചുവെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ ഏഴ് വർഷം ജയിലിൽ കഴിഞ്ഞാൽ മതി. കണ്ണൂർ വളപട്ടണം പോലീസാണ് 2017ൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്.