Breaking News

മോൻസണുമായി ബന്ധം; സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ലക്ഷ്മണിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുത്തതെന്ന് ഉത്തരവിൽ പറയുന്നു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസണെതിരെ തട്ടിപ്പിന് കേസെടുത്തിട്ടും ഐ.ജി മോൻസണുമായുള്ള ബന്ധം തുടരുകയും മോൻസണെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രണ്ട് മാസത്തേക്കായിരുന്നു ആദ്യം സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം വേണമെന്ന അഭ്യർത്ഥന മാനിച്ചാണ് പിന്നീട് കാലാവധി നീട്ടിയത്.

1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐ.ജിയായിരിക്കെയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. 2033 വരെ സർവീസുണ്ട്. മോൻസൺ മാവുങ്കലിനെ വഴിവിട്ട് രക്ഷപ്പെടാൻ ഐ.ജി സഹായിച്ചതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ പല പൊലീസുകാർക്കും മോൻസണെ അറിയാമായിരുന്നെങ്കിലും ഐ.ജിക്കെതിരെ മാത്രമാണ് വഴിവിട്ട ഇടപാട് കണ്ടെത്തിയത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …