ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ഇനിയെന്ത് എന്ന ചോദ്യത്തിന് പലർക്കും ഉത്തരം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ക്രൈം ബ്രാഞ്ച് എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണൻ വിശ്രമജീവിതം വ്യത്യസ്തമാക്കുകയാണ്.
കോട്ടക്കൽ തോക്കാംപാറ കുന്നത്തുപറമ്പിൽ ഗോപാലകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സായി കൃഷ്ണൻ എന്ന വ്യക്തി ഇപ്പോഴും കർമ്മനിരതനാണ്. വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. 70 ആം വയസ്സിലും തെരുവിലെ അഗതികൾ, പക്ഷിമൃഗാദികൾ, എന്നിവർക്കെല്ലാമായി ജീവിതം മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. വെള്ള ഷർട്ടും, പാന്റും ധരിച്ച് കയ്യിലെ പാത്രം നിറയെ ഇഡ്ഡലിയും, ദോശയുമായി അദ്ദേഹം തെരുവിലെത്തും. പട്ടിണി പാവങ്ങൾക്കും, കഴിയുന്ന പോലെ മറ്റ് ജീവജാലങ്ങൾക്കും അത് നൽകിയ ശേഷം മടങ്ങും.
മടക്കയാത്രയിൽ വഴിയരികിലെ കാട് വെട്ടിത്തെളിക്കാനും, ജലാശയങ്ങൾ വൃത്തിയാക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. സർക്കാർ പെൻഷൻ വാങ്ങി വെറുതെ ഇരിക്കുന്നതിനേക്കാൾ, ശിഷ്ടകാലം മറ്റുള്ളവർക്ക് പ്രയോജനപ്പെടുംവിധം ജീവിച്ചു തീർക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.