പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടൂർ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവര്‍ പങ്കെടുത്ത യോഗം ഡിസിസി പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തിൽ നിന്ന് ഇറങ്ങി വന്ന ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്നും ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് കെപിസിസി അറിയിച്ചു.