കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.
കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലെയ്ഡ് പാറവയൽ കോളനിയിൽ വിശ്വനാഥൻ (46) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആൾക്കൂട്ട മർദ്ദനമേറ്റ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട വിശ്വനാഥന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെയാണ് മെഡിക്കൽ കോളേജ് പഴയ പൊലീസ് ക്വാർട്ടേഴ്സിന് സമീപം കണ്ടെത്തിയത്. വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനെ ചൊവ്വാഴ്ചയാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ചയാണ് ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇത് അവരുടെ ആദ്യത്തെ കുട്ടിയാണ്. വിശ്വനാഥൻ ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്ത് കാത്തുനിൽക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരാൾക്ക് മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ കള്ളനാണെന്നും ആരോപിച്ച് വ്യാഴാഴ്ച ചിലർ ബഹളമുണ്ടാക്കിയിരുന്നു.