കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവർ ആണ് തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത്. ഫറോക്ക്പേട്ടയിൽ നിന്ന് ഇടമൂഴിക്കൽ വരെ ഇയാൾ എട്ട് തവണ ഫോൺ ചെയ്തു.
കഴിഞ്ഞ ദിവസം 1.37നാണ് കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ പറയുന്നു. ഫോൺ കോളുകൾക്ക് പുറമേ വാട്സാപ്പിലും ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു.
ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച് അതേ കൈകൊണ്ട് സ്റ്റിയറിംഗ് വീൽ തിരിക്കുന്നതും ഗിയർ മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം പുറത്തറിഞ്ഞതോടെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ ഉപയോഗിച്ചതിന് ഹൈവേ പൊലീസ് ബസിന് കഴിഞ്ഞ ദിവസം പിഴ ചുമത്തിയതായും ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു പറഞ്ഞു.