ദോഹ: ഖത്തറിലേക്ക് കടത്താൻ വിമാനമാർഗം കൊണ്ടുവന്ന ലഹരി വസ്തുക്കൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
ബിസ്കറ്റ് ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 1996 ഗ്രാം കഞ്ചാവാണ് യാത്രക്കാരന്‍റെ ബാഗിലുണ്ടായിരുന്നത്. നട്സ് അടങ്ങിയ മറ്റൊരു പെട്ടിയിൽ 931.3 ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും വീണ്ടും അത് ഓർമ്മിപ്പിക്കുകയാണെന്നും ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾ തടയാൻ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും തങ്ങൾക്ക് ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വീകരിക്കുന്ന ഏറ്റവും ആധുനിക രീതികൾ പോലും കണ്ടെത്താനും യാത്രക്കാരുടെ ശരീരഭാഷയിൽ നിന്ന് പോലും കള്ളക്കടത്തുകാരെ തിരിച്ചറിയാനും ഉദ്യോഗസ്ഥർക്ക് കഴിയും എന്നും മുന്നറിയിപ്പിൽ പറഞ്ഞു.