ലഖ്നൗ : തെരുവിൽ വിശന്നു വലയുന്ന സാധുക്കൾക്കായി ആരംഭിച്ച ഇന്ത്യൻ റൊട്ടി ബാങ്ക് എന്ന സംരംഭം 7 വർഷത്തെ വിജയം ആഘോഷിച്ച് മുന്നേറുന്നു. ഇന്ന് രാജ്യാതിർത്തിയും കടന്ന് നേപ്പാൾ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ ആശയത്തിന്റെ സഹായം എത്തുന്നുണ്ട്.
‘ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്’ എന്ന സന്ദേശത്തോടെ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ 38കാരൻ വിക്രം പാണ്ഡെയാണ് റൊട്ടി ബാങ്ക് എന്ന ആശയം നടപ്പാക്കിയത്. 7 വർഷം മുൻപ് ലഖ്നൗ റെയിൽവേ സ്റ്റേഷന് പുറത്ത് ഒരു സ്ത്രീ ഭക്ഷണം യാചിച്ചു നടക്കുന്നത് അദ്ദേഹം കാണാൻ ഇടയായി. ഡൽഹിയിലേക്കുള്ള യാത്രയിൽ ആ സ്ത്രീയുടെ മുഖമായിരുന്നു വിക്രമിന്റെ മനസ്സിൽ. തുടർന്ന് അദ്ദേഹം തെരുവോരങ്ങളിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകാൻ തുടങ്ങി. ഇവിടെ നിന്നാണ് 2016 ഫെബ്രുവരി 6 ന് ഔദ്യോഗികമായി റൊട്ടി ബാങ്ക് തുറക്കുന്നത്.
സുഹൃത്തുക്കളും, ഉദ്യോഗസ്ഥരുമെല്ലാം സഹായം നൽകി കൂടെ നിന്നു. നിരവധിയാളുകൾ ക്യാംപയിനിന്റെ ഭാഗമാവുകയും റൊട്ടി ദാനം ചെയ്യാനും ആരംഭിച്ചതോടെ പ്രസ്ഥാനം വളർന്നു. 14 സംസ്ഥാനങ്ങളിലെ 100 ലധികം ജില്ലകളിൽ റൊട്ടി ബാങ്കിന്റെ ശാഖകളുണ്ട്. 12 ലക്ഷം ആളുകൾക്ക് ഇതിലൂടെ ഭക്ഷണം നൽകാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് വിക്രം ഇപ്പോൾ. കോവിഡ് സമയത്തും തെരുവിൽ കഴിയുന്നവർക്ക് പട്ടിണി കിടക്കേണ്ടി വന്നില്ല. ഇന്ത്യയിലെ എല്ലാ ജില്ലകളിലും റൊട്ടി ബാങ്ക് തുറക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.