യോര്‍ക്ക്ഷെയര്‍: 166 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ കാൽപ്പാടുകൾ കണ്ടെത്തി. ബ്രിട്ടന്‍റെ തീരപ്രദേശത്ത് നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. മെഗാലോസറസ് ജനുസ്സിൽപ്പെട്ട ദിനോസറിന്‍റെ കാൽപ്പാടാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. മൂന്ന് അടിയോളം നീളമുള്ള കാലടയാളം ബര്‍ണിസ്റ്റോണ്‍ ബേയിലാണ് കണ്ടെത്തിയത്. തീരപ്രദേശത്ത് വിശ്രമിച്ച ദിനോസറിന്‍റേതായിരിക്കാം കാൽപ്പാടുകളെന്ന് വ്യാഴാഴ്ച പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. മേരി വുഡ്സ് എന്ന യുവതിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം കടൽത്തീരത്ത് നടക്കാൻ പോയതായിരുന്നു മേരി. പുറംതോടുള്ള സമുദ്രജീവികളുടെ കാൽപ്പാടെന്ന തോന്നലിൽ മേരി നടത്തിയ നിരീക്ഷണം ശാസ്ത്രലോകത്ത് ഒരു അത്ഭുതകരമായ കണ്ടെത്തലായി മാറി. ടെറാപോഡ് ഇനത്തിലെ മൂന്ന് വിരലുകളുള്ള ദിനോസറിന്‍റെ കാൽപ്പാടാണ് തീരത്ത് കണ്ടെത്തിയത്. ഫോസിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കാൽപ്പാടാണിത്. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്ന്, ഇത് എട്ടടി മുതൽ ഒമ്പത് അടി വരെ അരഭാഗത്ത് ഉയരമുള്ള ഒരു ദിനോസറിന്‍റേതാണെന്ന് ഗവേഷകർ വിശദീകരിച്ചു. ഫോസിൽ ഗവേഷകനായ ഡീൻ ലോമാക്സ് പറയുന്നതനുസരിച്ച്, വിരലുകളിലെ നഖങ്ങൾ മണലിൽ ഊന്നിയ രീതിയിൽ നിന്നാണ് ദിനോസറിന്‍റെ സ്വഭാവം മനസ്സിലാക്കിയത്.
ഡീൻ മാഞ്ചസ്റ്റർ സർവകലാശാലയിലെ അധ്യാപകനാണ്. കടൽത്തീരത്ത് കിടന്ന് എഴുന്നേറ്റ് നിൽക്കുന്നതിന് മുമ്പ് മുട്ടുകുത്തിയതിന് സമാനമായ സമയത്താണ് ദിനോസർ കാൽപ്പാട് അവശേഷിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിലെ ജുറാസിക് തീരത്ത് മുമ്പും ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുതാണ് നിലവിലെ ഫോസിലെന്നാണ് നിഗമനം.