Breaking News

ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ സർക്കാർ ഉത്തരവ്

തൃശൂര്‍: തൃശൂരിൽ 200 കോടി രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ നിക്ഷേപവും മരവിപ്പിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിയുടെയും ഭാര്യ റാണി ജോയിയുടെയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 2019ലെ അനധികൃത നിക്ഷേപ നിരോധന നിയമം പ്രകാരമാണ് നടപടി. വടൂക്കരയിലെ രണ്ട് വീടുകളും തൃശൂരിലെ ഒരു സ്ഥാപനവും ആറ് ഫ്ളാറ്റുകൾ ഉൾപ്പെടുന്ന കടമുറികൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ധനവ്യാവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ധനവ്യവസായ ബാങ്കേഴ്സ് ഉടമയുമായ പാണഞ്ചേരി ജോയി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ജോയ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. കൂട്ടുപ്രതികളായ ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്ത ജോയ് ഡി. പാണഞ്ചേരിക്കൊപ്പം പോസ്റ്റ് ഓഫീസ് റോഡിലുള്ള ധനവ്യവസായ ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും 30 കോടി രൂപ നഷ്ടമായെന്ന പരാതി മാത്രമാണ് ഇതുവരെ ലഭിച്ചത്. ബാക്കി രേഖകളില്ലാതെ ഇടപാട് നടത്തിയതായിരിക്കാം എന്ന സംശയം ശരിവയ്ക്കുന്നതാണ് സ്ഥാപനത്തിലെ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങൾ. പല ഇടപാടുകളും നോട്ടുബുക്കുകളിൽ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റ് രേഖകളില്ലെന്നും ജോയ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇടപാടുകളുമായി ബന്ധപ്പെട്ട നോട്ടുബുക്കുകൾ, രേഖകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ, നോട്ട് എണ്ണുന്ന യന്ത്രങ്ങൾ എന്നിവയും അന്വേഷണ സംഘം ഓഫീസിൽ നിന്ന് കണ്ടെത്തി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …