കണ്ണൂർ: കേരളത്തിൽ വർദ്ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം നികുതി കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധനവില രണ്ട് രൂപ വർദ്ധിക്കുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ലൈഫ് മിഷൻ കോഴ ഇടപാടുമായും സ്വപ്നയുടെ ജോലിയുമായും ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് തെളിവുകൾ വ്യാജമാണ്. സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ശിവശങ്കറിനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജൻസി കോടതിയിൽ തെറ്റായ തെളിവുകളാണ് ഹാജരാക്കിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ നിയമിച്ചിരിക്കുകയാണ്. കരിങ്കൊടിയുമായാണ് വാഹനവ്യൂഹത്തിലേക്ക് ഇവർ ചാടുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം.വി.ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.