ലണ്ടൻ: സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായി ജൊനാഥൻ അക്കോസ്റ്റ ഒടുവിൽ തന്‍റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു മാസത്തോളം ആമസോൺ വനത്തിൽ കുടുങ്ങിയ ബൊളീവിയൻ പൗരനായ ജൊനാഥന്റെ ആരെയും അമ്പരപ്പിക്കുന്ന കഥ ബിബിസിയാണ് പുറത്ത് വിട്ടത്. മണ്ണിരകളെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് ജൊനാഥൻ കാട്ടിൽ കഴിഞ്ഞത്.
30 കാരനായ ജൊനാഥൻ ജനുവരി 25നാണ് സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽ വേട്ടയ്ക്ക് പോയത്. ഇടയ്ക്ക് കാട്ടിനുള്ളിൽ വച്ച് വഴി തെറ്റുകയായിരുന്നു. കാട്ടിനുള്ളിൽ കുടുങ്ങിയെന്ന് ഉറപ്പായതോടെ കടുത്ത നിരാശ തോന്നിയെന്നും, വന്യമൃഗങ്ങളെ പോലും നേരിടേണ്ടി വന്നുവെന്നും ജൊനാഥാൻ പറഞ്ഞു. കാഴ്ചയിൽ പപ്പായ പോലുള്ള കാട്ടു പഴവും മണ്ണിരകളുമായിരുന്നു തന്‍റെ ഭക്ഷണമെന്ന് ജൊനാഥൻ വെളിപ്പെടുത്തി.
ചില ദിവസങ്ങളിൽ മൂത്രം കുടിക്കേണ്ടിവന്നു. മഴ പെയ്യണമെയെന്ന് പ്രാർത്ഥിച്ചു. തന്‍റെ റബ്ബർ ബൂട്ടിൽ മഴവെള്ളം ശേഖരിച്ചതിനാലാണ് കുറച്ച് ദിവസം താൻ അതിജീവിച്ചതെന്നും ജൊനാഥൻ വിശദീകരിച്ചു. പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 300 മീറ്റര്‍ അകലെ കണ്ട ഒരു സംഘത്തെ ജൊനാഥൻ അലറിവിളിച്ച് സഹായം അപേക്ഷിക്കുകയായിരുന്നു. 31 ദിവസമാണ് കൊടും കാടിനുള്ളിൽ ജൊനഥാന് കഴിയേണ്ടി വന്നത്. 17 കിലോ ശരീരഭാരവും ജൊനാഥന് നഷ്ടമായി.
നിര്‍ജലീകരണം സംഭവിച്ച് അവശനായ ജൊനാഥാനു പ്രാഥമിക ചികിത്സ നല്‍കിയ സംഘം ഉടന്‍ തന്നെ ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ജൊനാഥാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.