കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷൻ കൗണ്ടറിന്‍റെ ചില്ലുകളും തകർത്തു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിനിയുടെ കുഞ്ഞ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോ.അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി.ടി സ്കാൻ ഫലം വൈകുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകൾ ചെടി ചട്ടികൊണ്ട് എറിഞ്ഞ് തകർത്തത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ ഡോ.അനിതയുടെ ഭർത്താവ് ഡോ.അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോ.അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധ സൂചകമായി സമരം നടത്തുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.