തിരുവനന്തപുരം: ലഹരി സംഘങ്ങൾക്കെതിരെ വാർത്തകൾ പുറത്തുവരുമ്പോൾ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയർത്തി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് എം എൽ എ. എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാർത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്തകൾ എങ്ങനെയാണ് സർക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ ‘മോദി’ എന്ന വാക്ക് ഒഴിവാക്കി ‘പിണറായി’ എന്നും ‘ഇൻകം ടാക്സ്’ എന്നതിനു പകരം ‘ക്രൈംബ്രാഞ്ച്’ എന്നാക്കി മാറ്റുകയും ചെയ്താൽ ആ നോട്ടീസ് തന്നെ നൽകാമെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.
ഭരണകക്ഷിക്ക് വേണ്ടി എസ്എഫ്ഐ ഗുണ്ടാ പ്രവർത്തനം നടത്തുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. ആരാണ് എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്‍റെ ചുമതല നൽകിയത്. എത്ര ഭീഷണിയുണ്ടായാലും എസ്.എഫ്.ഐ ഗുണ്ടാ പ്രവർത്തനം നടത്തിയെന്ന് പറയുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നേരെയുണ്ടായ ആക്രമണം ഒരു മുന്നറിയിപ്പാണ്. സർക്കാരിനെതിരെ വാർത്തകൾ നൽകരുത്, സർക്കാരിൻ്റെ ദുഷ്കൃത്യങ്ങൾ തുറന്നുകാട്ടരുത്, ജനങ്ങൾക്ക് വേണ്ടി സംസാരിക്കരുത് എന്നതാണ് എല്ലാ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പ്. പിണറായി വിജയൻ ഈ സ്ഥാപനത്തിന്‍റെ ഐശ്വര്യമെന്ന് കഴിയുമെങ്കിൽ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും മുന്നിൽ ഒരു ബോർഡും പതിക്കണമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ചാനൽ ചർച്ചയിൽ നടക്കുന്ന പരോക്ഷ പരാമർശം പോലും ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുത സംസ്ഥാനം അംഗീകരിക്കില്ല. അതിനെ ചെറുക്കും. കേരളത്തിൽ ഇതുവരെ ഒരു മാധ്യമ സ്ഥാപനത്തിലും അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 34 വർഷമായി ബംഗാളിൽ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിലും ചെയ്യുന്നത്. പിണറായി വിജയന്‍റെ ഭരണം ബംഗാൾ റൂട്ടിലേക്കാണ് പോകുന്നത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.