മേൽപ്പറമ്പ്: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനടുത്ത് നിൽക്കാൻ ആവശ്യപ്പെട്ടതിന് മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്. പരിപാടിയിൽ ആരും പങ്കെടുക്കാത്തതിന്‍റെ പേരിൽ മൈക്ക് മോശമാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോയെന്നും ഷാജി ചോദിച്ചു.
ഇതോടെ പിണറായി വിജയന് ശേഷവും സി.പി.എമ്മിൽ ഒരു പോക്കിരിയുണ്ടെന്ന് വ്യക്തമായെന്നും ഷാജി പറഞ്ഞു. തൃശൂർ ജില്ലയിലെ ജനകീയ പ്രതിരോധ ജാഥയുടെ പര്യടനത്തിനിടെ മാളയിൽ നടന്ന സ്വീകരണത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. “നിൻ്റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി?” എന്ന് ഗോവിന്ദൻ യുവാവിനോട് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് ഓപ്പറേറ്ററോടുള്ള ഗോവിന്ദന്‍റെ പെരുമാറ്റത്തെ വിമർശിച്ച് കെ.എം ഷാജി രംഗത്തെത്തിയത്.