മുംബൈ: വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്‍റ്സ് ലീഗിലെ ആദ്യ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു.
ഗുജറാത്തിനായി ഹർലീൻ ഡിയോൾ (45 പന്തിൽ 67), ഇംഗ്ലണ്ടിന്‍റെ സോഫിയ ഡങ്ക്ലി (28 പന്തിൽ 65) എന്നിവർ അർധ സെഞ്ച്വറി നേടി. 18 പന്തിൽ 50 റൺസ് നേടിയ സോഫിയ ഡങ്ക്ലിയാണ് ടൂർണമെന്‍റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി നേടിയത്.
45 പന്തിൽ 66 റൺസെടുത്ത സോഫി ഡിവൈൻ ബാംഗ്ലൂരിനായി പോരാടിയെങ്കിലും വിജയിക്കാൻ ആയില്ല. ഗുജറാത്തിന് വേണ്ടി ആഷ്ലി ഗാർഡ്നർ 3 വിക്കറ്റ് വീഴ്ത്തി.