തൃപ്പൂണിത്തുറ : പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഒരു തായമ്പകയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെണ്ടയടിച്ച് കാഴ്ചക്കാരെ കയ്യിലെടുത്തതാകട്ടെ ഒരു വനിതാ ഡോക്ടർ.
തൃപ്പൂണിത്തുറ സ്വദേശിനിയും വാദ്യകലാകാരിയുമായ ഡോ. നന്ദിനി വർമ്മയാണ് വീഡിയോയിൽ ഉള്ളത്. പാലക്കാട് പൂക്കോട്ടുകളികാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടന്ന തായമ്പകയിൽ ഡോക്ടർ ചേർന്നപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പ്രസവശേഷം അവർ പങ്കെടുക്കുന്ന ആദ്യ തായമ്പക കൂടിയാണിത്.
കുഞ്ഞുനാളിൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അമ്മക്കും, മുത്തശ്ശിക്കുമൊപ്പം മേളം കാണാൻ പോയിരുന്നത് മുതലുള്ള ആഗ്രഹമാണ് ചെണ്ട പഠിക്കണമെന്നുള്ളത്. പെൺകുട്ടികൾ ചെണ്ട പഠിക്കുന്നത് വിരളമായിരുന്ന കാലമായിരുന്നു അത്. പിന്നീട് ബന്ധു ആയ ഗോപീകൃഷ്ണന്റെ കീഴിൽ ചെണ്ട അഭ്യസിച്ചു. ശേഷം ശങ്കരൻകുളങ്ങര രാധാകൃഷ്ണൻ, പോളൂർ ഉണ്ണികൃഷ്ണൻ, എന്നിവരുടെ കീഴിലും പഠനം തുടർന്നു. മിക്ക പെൺകുട്ടികളും പഠനം തുടങ്ങി ഒരു ഘട്ടമാവുമ്പോൾ നിർത്തുന്ന പ്രവണത കണ്ടു വരുന്നുണ്ടെന്നും, പെൺകുട്ടികൾക്ക് ചെണ്ട, മദ്ദളം എന്നിവ പഠിക്കാൻ കലാമണ്ഡലത്തിൽ ഇപ്പോൾ അവസരം ലഭിക്കുന്നില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം.