തൃശൂർ: ബ്രഹ്മപുരം തീപിടിത്തം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസഹായം തേടാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ സംസ്ഥാനം കേന്ദ്രസഹായം ആവശ്യപ്പെടുന്നില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രസഹായം ആവശ്യപ്പെടാത്തതെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് പിണറായിക്ക് ഭയമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
അഭിമാന പ്രശ്‍നം കൊണ്ടാണോ അതോ വിഷയം ദേശീയ തലത്തിൽ ശ്രദ്ധ നേടുമെന്നതിനാലാണോ കേന്ദ്രത്തിന്‍റെ സഹായം തേടാത്തത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. സർക്കാർ അടിയന്തരമായി കേന്ദ്രസഹായം തേടണം. പല സത്യങ്ങളും പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും സുരേന്ദ്രൻ ആരോപിച്ചു.