തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണ് നിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ. എത്ര പി.ആർ വർക്ക് ചെയ്തിട്ടും മരുമകൻ സ്പീക്കർക്കൊപ്പം വരാത്തതാണ് ഇതിനു പിന്നിലെ കാരണം. സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നിയമസഭാ നടപടികൾ അട്ടിമറിക്കാനുള്ള കുടുംബ അജണ്ടയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ നടക്കുന്നത്. മേശപ്പുറത്ത് ഒരു പേപ്പർ വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ അപമാനിക്കാൻ മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ റിയാസിന് എന്ത് അവകാശമാണുള്ളത്.
മനഃപൂർവ്വം പ്രകോപിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ചെങ്കോട്ടുകോണത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി നൽകേണ്ട വിഷയങ്ങളിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത് നിസ്സാര കാരണങ്ങൾ കൊണ്ടാണെന്നും സതീശൻ ആരോപിച്ചു.