ലണ്ടൻ : ദമ്പതികളായ യൂനിസും, ബില്ലും ദത്തെടുത്ത് വളർത്തിയതാണ് തിമോത്തിയെ. 2018 ൽ ബില്ലും, 2020 ൽ യൂനിസും മരിച്ചതോടെ, ലണ്ടനിൽ അധ്യാപകനായ 59 വയസ്സുള്ള അദ്ദേഹം തന്റെ യഥാർത്ഥ അമ്മയെ തേടി ഇറങ്ങുകയും കണ്ടെത്തുകയും ചെയ്തു.
അവിശ്വസനീയമെന്ന് തന്നെ വിശേഷിപ്പിക്കാം ഈ കൂടിക്കാഴ്ചയെ. 58 വർഷങ്ങൾക്ക് ശേഷം തന്റെ പെറ്റമ്മയെ തിമോത്തി കാണുമ്പോൾ ഈ ലോകം തന്നെ വല്ലാതെ മാറിയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടൻ സ്വന്തം കാലിൽ നിന്നുതുടങ്ങിയ കാലം. പ്രായപൂർത്തിയാവാത്ത, അവിവാഹിതരായ അമ്മമാരുടെ എണ്ണം അക്കാലത്ത് സമൂഹത്തിൽ കൂടുതലായിരുന്നു. ഇത്തരത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായി 1945 മുതൽ,1970 വരെ പ്രവർത്തിച്ചിരുന്ന ദി ഹെവൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ദമ്പതികൾ തിമോത്തിയെ ദത്തെടുത്തത്.
6 ആഴ്ചയായിരുന്നു ദത്തെടുക്കുമ്പോൾ കുട്ടിയുടെ പ്രായം. ഒടുവിൽ 2022 ജനുവരിയിൽ ഒരു ഫാമിലി ഫോട്ടോയിൽ നിന്നും തിമോത്തി അന്വേഷണം തുടങ്ങി. ഹാംഷെയറിലുള്ള അവിവാഹിതരായ അമ്മമാരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലേറ്റ്ലി ഹെവൻ എന്ന സ്ഥാപനത്തിലും ഫേസ്ബുക്കിലും അന്വേഷണം തുടർന്നു. സാമൂഹ്യ പ്രവർത്തകയായ പെന്നി ഗ്രീനിന്റെ നിർദേശപ്രകാരം അമ്മയുടെ മുഴുവൻ പേര്, ജനന തീയതി, സ്ഥലം എന്നിവ ജനറൽ രജിസ്ട്രേഷൻ ഓഫീസിലെത്തി മനസ്സിലാക്കി. അമ്മയുടെ ഇപ്പോഴത്തെ ഭർത്താവ് മൈക്കൽ മോർട്ടിമാറെ കണ്ടെത്തിയതോടെ 58 വർഷങ്ങൾക്ക് ശേഷം തിമോത്തി തന്റെ അമ്മയെയും, സഹോദരങ്ങളെയും കണ്ടു.