പാലക്കാട്: റിസോർട്ട് വിവാദം അന്വേഷിക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തിരുന്നു. പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം.
മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. റിസോർട്ട് വിവാദം ഇ.പി ജയരാജൻ ഇന്നലെ സംസ്ഥാന സമിതിയിൽ വിശദീകരിച്ചിരുന്നു. തന്‍റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും തകർക്കാൻ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇ.പിയുടെ വാദം. ഭാര്യയുടെയും മകന്‍റെയും നിക്ഷേപം അനധികൃതമായി സമ്പാദിച്ചതല്ല. തന്നെ മനപ്പൂർവ്വം വേട്ടയാടുകയാണെന്നും ഇ.പി ആരോപിച്ചു.
പൊട്ടിത്തെറിച്ചും വികാരാധീനനായുമാണ് ഇ.പി സംസ്ഥാന സമിതിയിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നും ഇ.പി മുന്നറിയിപ്പ് നൽകി. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പി.ബി അംഗങ്ങൾ ഉൾപ്പെടുന്ന രണ്ടംഗ സമിതിയുണ്ടാകും. വാർത്ത ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണമുണ്ടെന്നായിരുന്നു വിവരം. പരാതി ഉയർന്നപ്പോൾ രേഖാമൂലം നൽകിയാൽ അന്വേഷിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി.ജയരാജനോട് പറഞ്ഞിരുന്നു. 2 മാസം കഴിഞ്ഞിട്ടും പി ജയരാജൻ ഇതിന് തയ്യാറായിട്ടില്ല.