ആലപ്പുഴ : ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പെൺകുട്ടിക്ക് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അഭിനന്ദനം. 10 വയസ്സുള്ള ചിപ്പി എന്ന വിദ്യാർത്ഥിയാണ് പ്രിയപ്പെട്ട കളക്ടർ മാമന്റെ പ്രശംസാ വാക്കുകൾക്ക് അർഹയായത്.
നർത്തകിയായ ചിപ്പി വിവിധ വേദികളിൽ നൃത്തം ചെയ്ത് ലഭിക്കുന്ന പണം കൂട്ടിവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. അതുല്യ പ്രതിഭയായ ചിപ്പിയെ കാണാനും, പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിർധന രോഗികൾ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ മത്സ്യതൊഴിലാളികൾ, എന്നിങ്ങനെ നിരവധി പേരിലേക്ക് സഹായവുമായി ചിപ്പി എത്താറുണ്ട്.
ഭാവിയിൽ രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഉയരങ്ങളിലേക്ക് എത്താൻ ചിപ്പിക്ക് സാധിക്കട്ടെ എന്ന് കളക്ടർ ആശംസിച്ചു. ചെറുപ്രായത്തിൽ തന്നെ മനസ്സിൽ കരുണയും, സ്നേഹവും നിറച്ച് മകളെ വളർത്തിയ ചിപ്പിയുടെ മാതാപിതാക്കളും അഭിനന്ദനമർഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.