കായംകുളം: സംഘടനാ ചർച്ചകൾക്കായി കൂടിയ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ കടയ്ക്ക് നേരെയുണ്ടായ ആക്രമണം, കായംകുളം താലൂക്ക് ആശുപത്രിക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിഷനെ നിയോഗിച്ചത്.
റിപ്പോർട്ടിൽ ചർച്ച നടക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ. അഴിമതി, ക്വട്ടേഷൻ ഗുണ്ടാ ബന്ധം, സോഷ്യൽ മീഡിയ ചർച്ചകൾ, ഡി.വൈ.എഫ്.ഐയിൽ ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളും കമ്മിറ്റിയിൽ ഉയർന്നു.