പെരുമ്പട്ട: എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമത്തിൽ കളിയാട്ടം ആഘോഷത്തിലൂടെ ഇല്ലാതായത് മതത്തിന് മേൽ മനുഷ്യൻ കല്പിച്ചിരുന്ന വേർതിരിവുകൾ. കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം മസ്ജിദ് സന്ദർശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറ്കണക്കിന് ആളുകളാണ് ഗ്രാമത്തിലെത്തിയത്. കളിയാട്ടത്തിന്റെ അവസാനദിവസമായ കഴിഞ്ഞ ദിവസം ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ തെയ്യത്തെ പള്ളിയിലേക്ക് സ്വീകരിച്ചു.
പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി,എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ.ലത്തീഫ് എന്നിവർ ഒത്തുചേർന്നാണ് തെയ്യത്തെ വരവേറ്റത്. മസ്ജിദ് ഭാരവാഹികളുടെ കാണിക്കയും, ഇളനീരും സന്തോഷത്തോടെ സ്വീകരിച്ച് അസർ നിസ്കാരത്തിനുള്ള വാങ്ക് വിളിക്ക് ശേഷമാണ് തെയ്യം പള്ളിമുറ്റത്തു നിന്ന് തിരിച്ചു പോയത്.
ജുമാമസ്ജിദ് സന്ദർശനത്തിനെത്തിയ വിഷ്ണുമൂർത്തി തെയ്യത്തെ കാണാനെത്തിയവർക്ക് പള്ളിക്കമ്മിറ്റിയും പെരുമ്പട്ട ഗ്രീൻസ്റ്റാർ ക്ലബ്ബും ചേർന്ന് മധുരപാനീയങ്ങൾ വിതരണം ചെയ്തു.