ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ കളിയാക്കി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെക്കുറിച്ച് താൻ മറ്റൊന്നും പറയുന്നില്ലെന്നും സബ് കളക്ടർ ഉത്തരേന്ത്യക്കാരനാണെന്നും എം.എം മണി പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സി.പി.എം നടത്തിയ മാർച്ചിനിടെയായിരുന്നു മണിയുടെ പരാമർശം. ഐ.ഐ.എസ് അസോസിയേഷനെയും എം.എം മണി പരിഹസിച്ചു. ഉദ്യോഗസ്ഥരെ ഐ.എ.എസ് പുങ്കുവന്മാരെന്ന് പരിഹസിച്ച എം.എം മണി തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും സംഭവിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
നേരത്തെ ദേവികുളം സബ്കളക്ടറെ എം.എം മണി അധിക്ഷേപിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടിയാണെന്നായിരുന്നു എം.എം മണി പറഞ്ഞത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുമ്പോൾ ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും ചേർന്ന് ഇത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മണി ആരോപിച്ചിരുന്നു.