Breaking News

അപവാദങ്ങളെ സ്വയം കുഴിച്ചു മൂടുന്നതാണ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് എംബി രാജേഷ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉയർത്തിയ അപവാദ പ്രചാരണത്തെ സ്വയം കുഴിച്ചു മൂടുന്നതാണ് ഇന്നലെ കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണ് കത്ത്. അപവാദ പ്രചാരണങ്ങൾ സ്വയം കുഴിയുണ്ടാക്കി കുഴിച്ചുമൂടിയതിൽ സർക്കാരിന് സന്തോഷമുണ്ടെന്നും എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമ്മിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിൽ പറയുന്നു. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്‍റ് എന്ന സംഘടനയാണ് യൂണിടാക്കുമായി കരാർ ഒപ്പിട്ടത്. വിദേശനാണ്യ വിനിമയ നിയമങ്ങൾ സർക്കാർ ലംഘിച്ചിട്ടില്ല. യൂണിടാക്കും റെഡ് ക്രസന്‍റും തമ്മിലുള്ള കരാറിന്‍റെ വിശദാംശങ്ങൾ സർക്കാരിന് അറിയില്ലായിരുന്നു. അനിൽ അക്കര പുറത്തുവിട്ട കത്തിൽ സർക്കാരിന് അവരുമായി യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ലെന്നും വ്യക്തമാണ്.

റെഡ് ക്രസന്‍റിന് വേണ്ടി മാത്രം വീടുകൾ നിർമിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു. ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വിവിധ സംഘടനകൾ നിരവധി വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ വീട് നിർമ്മിക്കുക എന്നത് മുൻകാലനങ്ങളിലെ സർക്കാർ നയമാണ്. റെഡ് ക്രസന്‍റിന്‍റെ വാഗ്ദാനം സർക്കാർ സ്വീകരിച്ചെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് വീട് നിർമിച്ചത്. ഗുണനിലവാര പരിശോധന ഉറപ്പാക്കിയതും സർക്കാർ ആണ്. സർക്കാർ ഇക്കാര്യത്തിൽ കക്ഷിയല്ലെന്നും, ഭൂമി വിട്ടുകൊടുത്ത് നിർമാണത്തിനു മേൽനോട്ടം വഹിക്കുകയാണ് ചെയ്തതെന്നും, സ്പോൺസർഷിപ്പിൽ വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനത്തിന്റെ പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …