പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡിൽ പരന്ന പാറപ്പൊടിയിലും കല്ലിലും തെന്നി വീണ ബൈക്ക് യാത്രികൻ പിന്നാലെ എത്തിയ കാറിനടിയിൽപെട്ട് മരിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് കുന്നത്തൂർമേട് കരയോഗം സെക്രട്ടറിയുമായ ശ്രീഗിരിയിൽ ശങ്കരൻ നായർ (84) ആണ് മരിച്ചത്.
ജില്ലാ സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥനും ആഞ്ജനേയ സേവാ സമിതി പ്രസിഡന്റുമാണ്. ബൈക്ക് ഓടിച്ചിരുന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സി.വി.ചന്ദ്രശേഖരന് (62) പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൽമണ്ഡപം ജംഗ്ഷൻ-കുന്നത്തൂർമേട് റോഡിൽ പാറക്കുളത്തിന് സമീപമായിരുന്നു അപകടം. കൽമണ്ഡപത്തിൽ നിന്ന് കുന്നത്തൂർമെട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ട ശങ്കരൻ നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സംശയിക്കുന്നുണ്ട്. സമീപത്തുണ്ടായിരുന്നവർ ശങ്കരൻ നായരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.