കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫിന്‍റെ (ജോളി) ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കോഴിക്കോട് സ്പെഷ്യൽ അഡീ. സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്ന് നൽകിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.
2011 സെപ്റ്റംബർ 20നാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് തോമസിനെ കൂടാതെ ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ്, ഭർതൃപിതാവ് ടോം തോമസ്, ഭര്‍തൃമാതാവിന്റെ സഹോദരനായ എം.എം. മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകൻ ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. റോയിയുടെ പിതാവിന്‍റെ പേരിൽ വ്യാജ വിൽപ്പത്രം തയ്യാറാക്കി ഭൂമി വകമാറ്റിയെന്നും കേസുണ്ട്.