മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിൽ. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേൺ ക്വാർട്ടർ ഫൈനലിലെത്തിയത്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ വിജയിച്ചത്.
എവേ ഗ്രൗണ്ടിലെ വിജയത്തിന്റെ ആവേശത്തിലാണ് ബയേൺ ഇന്നലെ പിഎസ്ജിയെ ഹോം ഗ്രൗണ്ടിൽ സ്വാഗതം ചെയ്തത്. തുടക്കം മുതൽ തന്നെ പിഎസ്ജിയായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാൽ ബയേൺ പ്രതിരോധം ഉറച്ചുനിന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ബയേൺ ലീഡ് നേടി.
61-ാം മിനിറ്റിൽ എറിക് ചുപോ മോട്ടിംഗിലൂടെ ബയേൺ ലീഡെടുത്തു. തോമസ് മുള്ളറും ലിയോൺ ഗോരെറ്റ്സകയും ചേർന്ന് മാർക്കോ വെരാട്ടിയുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത് മോട്ടിംഗിന് കൈമാറി. മുൻ പിഎസ്ജി കളിക്കാരൻ കൂടിയായ മോട്ടിംഗ് അത് ഗോളിലേക്ക് നയിച്ചു. 89-ാം മിനിറ്റിൽ സെർജി ഗ്നാബ്രിയും ഗോൾ നേടിയതോടെ പിഎസ്ജി തലകുനിക്കുകയായിരുന്നു.