നിയന്ത്രണംവിട്ട് ക്രെയിനുമായി വന്ന മിനി വാൻ കടയിലേക്കിടിച്ചുകയറി ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ തൈക്കാട്ട് ഞായറാഴ്ച വൈകീട്ട് 5.20-നുണ്ടായ
അപകടത്തിൽ സ്റ്റേറ്റ് ഇൻഷുറൻസ് പത്തനംതിട്ട ജില്ലാ ഓഫീസർ കാരേറ്റ് ശബരിമിൽ കവല കൈപ്പള്ളി വീട്ടിൽ കെ.വേണുഗോപാൽ (52) ആണ് മരിച്ചത്.
വെഞ്ഞാറമൂട് തൈക്കാട് ആർ.ജി.ഭവനിൽ സ്റ്റേറ്റ് ഇൻഷുറൻസ് ജില്ലാ ഓഫീസ് ജീവനക്കാരൻ വേണുഗോപാലി(51) നാണ് പരിക്കേറ്റത്. തൈക്കാടുള്ള ചെരുപ്പുകടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.
കടയ്ക്കു മുന്നിൽ സംസാരിച്ചു കൊണ്ടു നിന്നവരാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കു സമീപം നിർത്തിയിരുന്ന കാറിനെയും സമീപത്ത് നിർത്തിയിരുന്ന ബൈക്കിനെയും വാൻ ഇടിച്ചുതെറിപ്പിച്ചു.
ഇതിനുശേഷം കടയുടെ മുൻവശത്തേക്ക് ഇടിച്ചും കയറി വാൻ മറിഞ്ഞു. ഇടിയേറ്റ കാർ നൂറു മീറ്ററോളം നീങ്ങിപ്പോയി. കെട്ടിടത്തിനു സമീപമുള്ള മതിലും തകർന്നു. വാൻ അമിതവേഗത്തിൽ വരുന്നതായാണ് കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തെളിയുന്നത്.
വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ വേണുഗോപാലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.