തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത് നൂറുകണക്കിന് ഗുണ്ടകൾ. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഗുണ്ടകൾക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇന്നലെ രാത്രി സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നാനൂറോളം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവിലായിരുന്ന അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്ടാവായ ജാഫർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 181 പേർ അറസ്റ്റിലായി.
കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടുന്നു. ക്വട്ടേഷൻ സംഘത്തെയും മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. അറസ്റ്റിലായവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഇവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. കോഴിക്കോട് റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണ്. അറസ്റ്റിലായവരിൽ 26 പ്രതികളും 13 പിടികിട്ടാപ്പുള്ളികളും ഉൾപ്പെടുന്നു. സാമൂഹിക വിരുദ്ധരും മയക്കുമരുന്ന് കേസിലെ പ്രതികളും കസ്റ്റഡിയിലുണ്ട്.
കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തിയ അഞ്ച് ഗുണ്ടകൾ ഉൾപ്പെടെ നൂറിലധികം ക്രിമിനലുകളെ കരുതൽ തടങ്കലിലാക്കി. പാലക്കാട് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി 165 ഓളം വീടുകളിൽ പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ 81 പേരെ കസ്റ്റഡിയിലെടുത്തു. അവരുടെ നിലവിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തി. തൃശൂർ റൂറലിൽ 92 പേരെ കരുതൽ തടങ്കലിലാക്കി. വാറണ്ട് പ്രതികളിൽ 37 പേരെ കസ്റ്റഡിയിലെടുത്തു.