തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. നിയമസഭയ്ക്ക് മുന്നിൽ വച്ച് ബൈക്ക് കത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിച്ചു.
ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
നികുതി വർദ്ധനവിനെതിരെ നിയമസഭയ്ക്കകത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേള ആരംഭിച്ചയുടനെ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചത്.