ന്യൂയോർക്ക്: യു.എസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ് ഇൻകോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഗോളതലത്തിൽ വൻ പിരിച്ചുവിടലുകളാണ് നടക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട ടെക്നോളജി ഭീമൻമാരുടെ പട്ടികയിൽ ഡെല്ലും ചേർന്നു. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യം കുറയുന്നതിന്റെ ഫലമായാണ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഡെൽ ഒരുങ്ങുന്നത്. 6,650 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡെല്ലിന്റെ മൊത്തം ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് ഇപ്പോൾ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. വിപണിയിലെ സാഹചര്യങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മഹാമാരിക്കാലത്ത് പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യം വർദ്ധിച്ചിരുന്നു. ഇതോടെ ഡെൽ ഉൾപ്പെടെയുള്ള മറ്റ് ഹാർഡ്വെയർ നിർമ്മാതാക്കളുടെ ഡിമാൻഡ് കൂടി. അതേസമയം, 2022ന്റെ നാലാം പാദത്തിൽ പേഴ്സണൽ കമ്പ്യൂട്ടർ കയറ്റുമതിയിൽ ഗണ്യമായ ഇടിവുണ്ടായി.
ഐഡിസിയുടെ കണക്കുകൾ പ്രകാരം, വലിയ കമ്പനികളിൽ ഡെല്ലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 2021 ലെ ഇതേ കാലയളവിനേക്കാൾ 37% ഇടിവാണ് നേരിട്ടത്. ഡെല്ലിന്റെ മൊത്തം വരുമാനത്തിന്റെ 55 ശതമാനവും പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പനയിൽ നിന്നാണ്.