Breaking News

പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറിക്ക് 18 കാരിക്ക് ലഭിച്ചത് 290 കോടി

ഒന്റാറിയോ: ഭാഗ്യം ഏത് വഴിയാണ് വരുന്നതെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. കാനഡയിലെ ഒന്‍റാറിയോ സ്വദേശിയായ ഈ 18 വയസുകാരിക്ക് അക്ഷരാർത്ഥത്തിൽ അത്തരമൊരു വലിയ ഭാഗ്യമാണ് തേടിയെത്തിയത്. ജൻമദിനത്തിൽ, മുത്തച്ഛന്‍റെ നിർബന്ധപ്രകാരം എടുത്ത ലോട്ടറിക്ക് പെൺകുട്ടിക്ക് അടിച്ചത് 48 ദശലക്ഷം കനേഡിയൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ 290 കോടി. 

വന്നെത്തിയ മഹത്തായ ഭാഗ്യത്തിന്‍റെ ഞെട്ടലിലാണ് ഈ പെൺകുട്ടിയും കുടുംബവും ഇപ്പോഴും. ജനുവരി 7 നായിരുന്നു ജൂലിയറ്റ് തന്റെ 18-ാം ജൻമദിനം ആഘോഷിച്ചത്. ജൻമദിനത്തിൽ പലരും സമ്മാനങ്ങൾ നൽകിയെങ്കിലും മുത്തച്ഛൻ മാത്രം അവൾക്ക് സമ്മാനങ്ങളൊന്നും നൽകിയില്ല. പകരം, അയാൾ അവൾക്ക് ഒരു ചെറിയ തുക നൽകി പറഞ്ഞു, “ഈ പണം ഉപയോഗിച്ച് മുമ്പ് ഒരു ജൻമദിനത്തിലും നിനക്ക് സമ്മാനമായി ലഭിച്ചിട്ടില്ലാത്ത എന്തെങ്കിലും വാങ്ങുക”. എന്നാൽ എന്ത് വാങ്ങണം എന്നതിനെക്കുറിച്ച് ജൂലിയറ്റ് ആശയക്കുഴപ്പത്തിലായിരുന്നു. അപ്പോഴും മുത്തച്ഛൻ തന്നെ സഹായത്തിനെത്തി. പണം ഉപയോഗിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അങ്ങനെ ജൂലിയറ്റ് അച്ഛന്‍റെ സഹായത്തോടെ അടുത്തുള്ള കടയിൽ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങി. 

എന്നാൽ പിന്നീട് ലോട്ടറി ടിക്കറ്റ് വാങ്ങിയ കാര്യം തന്നെ അവൾ മറന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ്, ജോലിസ്ഥലത്ത്, തനിക്കറിയാവുന്ന ഒരു സ്ത്രീക്ക് ലോട്ടറി ടിക്കറ്റിന് സമ്മാനമായി ഒരു ചെറിയ തുക ലഭിച്ചതായി അവൾ അറിഞ്ഞത്. അപ്പോഴാണ് താൻ ഇതുവരെ തന്റെ ലോട്ടറി ടിക്കറ്റ് നോക്കിയിട്ടില്ലെന്ന് ജൂലിയറ്റ് ഓർത്തത്. ഉടൻ തന്നെ ലോട്ടറി ടിക്കറ്റ് റിസൾട്ട് അവൾ മൊബൈലിൽ പരിശോധിച്ചു. ഫലം കണ്ട് ജൂലിയറ്റ് ഞെട്ടിപ്പോയി. താൻ എടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചത് 43 ദശലക്ഷം കനേഡിയൻ ഡോളർ. ഉടൻ തന്നെ ഓഫീസിലെ സുഹൃത്തുക്കളുമായി അവൾ ആ വിവരം പങ്കുവെച്ചു. അവരിൽ പലരും ജോലി ഉപേക്ഷിച്ച് ഉടൻ തന്നെ വീട്ടിലേക്ക് പോകാൻ അവളെ നിർബന്ധിച്ചു. ജൂലിയറ്റ് ഉടൻ തന്നെ വീട്ടിലേക്കും വിളിച്ച് വിവരം അറിയിച്ചു. എന്നിരുന്നാലും, ഇപ്പോൾ മടങ്ങിവരരുതെന്നും ചെയ്യേണ്ട എല്ലാ ജോലികളെല്ലാം പൂർത്തിയാക്കി മടങ്ങിവന്നാൽ മതിയെന്നും അമ്മ അവളെ ഉപദേശിച്ചു.

ഏതായാലും കിട്ടിയ പണം ഉപയോഗിച്ച് ഈ പെൺകുട്ടി അഞ്ച് മെഴ്സിഡസ് കാറുകളും സ്വന്തമായി ഒരു വിമാനവും വാങ്ങി. ബാക്കി തുകയിൽ ഒരു വിഹിതം ഉപയോഗിച്ച് ലണ്ടനിൽ വലിയൊരു ബംഗ്ലാവും അവൾ സ്വന്തമാക്കി. ശേഷിച്ച നൂറ്റമ്പത് കോടിയോളം രൂപ തന്റെയും കുടുംബത്തിന്റെയും ഭാവിജീവിതത്തിനായി അവൾ മാറ്റിവെച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …