ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ലോക് സഭാ സ്പീക്കർ നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച 12.30 ഓടെ ഇവ നീക്കം ചെയ്തതായി അറിയിപ്പ് വന്നു.
പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും വിവേകശൂന്യവുമായ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചുവെന്ന് ആരോപിച്ച് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ അവകാശ ലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറുടെ നടപടി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന രേഖകൾ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ലോക്സഭ വൃത്തങ്ങൾ അറിയിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ അദാനി വിഷയം ഉന്നയിക്കുകയും കേന്ദ്രത്തിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മിലെന്ത് ബന്ധമെന്നും, കേന്ദ്രം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നുമടക്കം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മോദിയും അദാനിയും ഒരുമിച്ചുള്ള ചിത്രം രാഹുൽ സഭയിൽ പ്രദർശിപ്പിച്ചപ്പോൾ മറുവശത്തുള്ളവർ അശോക് ഗെഹലോത്തിനൊപ്പമുള്ള അദാനിയുടെ ചിത്രവുമായി വരുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയിരുന്നു.