അമ്പലവയല്‍ (വയനാട്): പൊൻമുടിക്കോട്ടയിൽ കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത പ്രദേശവാസി തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി പാടിപറമ്പ് നാലുസെന്‍റ് കോളനിയിൽ ഹരിയെയാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് പാടിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പിനു ലഭിച്ച വിവരമനുസരിച്ച് വൈകിട്ട് അഞ്ച് മണിയോടെ ഹരിയും മറ്റുള്ളവരും കടുവയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒന്നര വയസുള്ള ആൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭൂമിയുടെ ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാൽ തന്‍റെ കൃഷിയിടത്തിൽ അതിക്രമിച്ച് കയറി കെണി സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്.
ഹരിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി ഇന്ന് ബത്തേരിയിൽ ദേശീയപാത ഉപരോധിക്കും. ചോദ്യം ചെയ്യലിനു ശേഷം തന്നെ കേസിൽ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. ഹരി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.