പാലക്കാട്: പാലക്കാട് മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്‍റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. 17 അഗ്നിശമന സേനാ യൂണിറ്റുകളുടെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രാത്രി 10 മണിയോടെയാണ് മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിൽ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് സമീപത്തെ ഹോട്ടലിലെ ജീവനക്കാർ എത്തിയപ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ മിക്ക അഗ്നിശമന സേനാ യൂണിറ്റുകളിൽ നിന്നും വാഹനങ്ങൾ എത്തി. അത്യാഹിതം ഒഴിവാക്കാൻ സമീപത്തെ കടകളിലേക്ക് തീ പടരാതെ നോക്കി. ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന ടയറുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നാണ് ഉടമ പറഞ്ഞത്.
ഗോഡൗണിന് പിന്നിൽ മാലിന്യം കത്തിച്ചതിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് കരുതുന്നത്. പുക കിലോമീറ്ററുകളോളം വ്യാപിച്ചു. ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വേഗത്തിൽ തീ അണയ്ക്കാൻ കഴിയാത്തതിൽ അഗ്നിശമന സേനയ്ക്കും വീഴ്ച പറ്റിയതായി ആരോപണമുണ്ട്. വെള്ളം ശേഖരിക്കുന്നതിനായി നഗരത്തിൽ സ്ഥാപിച്ച 58 ഫയർ ഹൈഡ്രന്‍റുകളിൽ ഒന്നു പോലും പ്രവർത്തിച്ചില്ല. മലമ്പുഴ വെള്ളവും ശേഖരിക്കാൻ കഴിയാത്തതിനാൽ സർവീസ് സ്റ്റേഷനുകളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും വെള്ളം ശേഖരിച്ചാണ് തീ അണച്ചത്.