കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവി പിടിയിലായത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് ഇവർ വേങ്ങരയിലേക്കുള്ള ബസിൽ കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞവരാണ് വിവരം പൊലീസിന് കൈമാറിയത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. ശുചിമുറിയിലെ വെന്‍റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി പുലർച്ചെ 12.15 ഓടെയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
കടുത്ത മാനസികാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇവരെ കുതിരവട്ടം മാനസിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവരെ ഫോറൻസിക് വാർഡ് 5ലാണ് പ്രവേശിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പരിസരത്തും ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശത്തും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.
സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കാണണമെന്ന് പറഞ്ഞാണ് ഇവർ രക്ഷപെട്ടത്. ഒന്നാം നിലയിൽ നിന്ന് താഴേക്ക് തൂങ്ങി ഇറങ്ങി കേബിളുകൾ പിടിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഓരോ മണിക്കൂറിലും പട്രോളിംഗ് നടക്കുന്ന സ്ഥലമാണിതെന്ന് എസിപി കെ സുദർശൻ പറഞ്ഞു.