ആര്യനാട് : റോഷ്നിയുടെ മുന്നിൽ പത്തി താഴ്ത്താത്ത പാമ്പുകളില്ല. അപകടകാരികളായ പാമ്പുകളെ മെരുക്കി അവയെ പിടികൂടുന്നത് ഈ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന് ഒരു ഹരമാണ്. 3 വർഷത്തിനിടയിൽ 300ഓളം പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്.
അഞ്ച് വർഷം മുൻപ് വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആര്യനാട് കുളപ്പട സരോവരത്തിൽ റോഷ്നി, പാമ്പ് പിടിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലൈസൻസ് നേടുകയും ചെയ്തു. ജില്ലയിലെ വിവിധ കോണുകളിൽ നിന്നായി 100 മൂർഖൻ, 50 പെരുമ്പാമ്പ് എന്നിവയെ പിടികൂടി. ഏത് രാത്രിയിലും, 15 കിലോമീറ്റർ ചുറ്റളവിൽ റോഷ്നി സഹായത്തിനെത്തും. ഇതിനാൽ പാമ്പിനെ പിടികൂടാനുള്ള ഉപകരണങ്ങൾ എപ്പോഴും കയ്യിൽ കരുതിയിട്ടുണ്ടാകും.
മുള്ളൻ പന്നി, മരപ്പട്ടി തുടങ്ങി സംരക്ഷിക്കപ്പെടേണ്ട വന്യമൃഗങ്ങളെ പിടികൂടി വനത്തിലെത്തിക്കാനും റോഷ്നി എത്താറുണ്ട്. ഇതിനായുള്ള റാപിഡ് റെസ്പോൺസ് ടീമിലെ അംഗം കൂടിയാണ് റോഷ്നി ഇപ്പോൾ. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ എടുക്കുന്നതിലും സജീവം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് സജി കുമാർ പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്. ദേവനാരായണൻ, സൂര്യനാരായണൻ എന്നിവരാണ് മക്കൾ.