തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% വളർച്ചയും ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ 3,23,792 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാൽ 2022 ജനുവരിയിൽ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.
2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നു എന്നാൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ, വിമാന ഗതാഗതം 2022 ജനുവരിയിലെ 1,671 ൽ നിന്ന് 2023 ജനുവരിയിൽ 2,198 ആയി വർധിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ 131 ആഭ്യന്തര ഫ്ലൈറ്റുകളും 120 അന്താരാഷ്ട്ര ഫ്ലൈറ്റുകളും സർവീസ് നടത്തുന്നുണ്ട്. ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്കറ്റ്, ബഹ്റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ, മാലി, ഹനിമധു എന്നിവയുൾപ്പെടെ 12 അന്താരാഷ്ട്ര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കുമാണ് സർവീസ് നടത്തുന്നത്.