കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് അതൃപ്തി അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ 17നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.