കുട്ടനാട്: കുട്ടനാട്ടിൽ ഞായറാഴ്ച മൂന്നിടത്ത് സി.പി.എം ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ. നേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ടാണ് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷൻ സമീപം സംഘർഷം ആരംഭിച്ചത്. വേഴപ്രയിൽ നിന്ന് സി.പി.എം. വിമത വിഭാഗത്തിലെ അംഗങ്ങളും ഔദ്യോഗിക വിഭാഗത്തിലെ ചില അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം, കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ശരവണനും രഞ്ജിത്തും രാമങ്കരിയിൽ വച്ച് ഇത് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകി തുടർ ആക്രമണങ്ങളും ഉണ്ടായി.
NEWS 22 TRUTH . EQUALITY . FRATERNITY