Breaking News

‘ബാക്കി വെച്ച ജപ്പാന്‍ യാത്ര സഫലമാക്കണം’; വിജയന്‍ ചേട്ടന്റെ ഓര്‍മകളുമായി ബാലാജി കോഫി ഹൗസ് വീണ്ടും തുറന്ന് മോഹന

ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്. വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’

വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന്‍ ബാക്കി വെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം. ‘അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.’ മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി. മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര്‍ മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല.

നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടെയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നവംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …