Breaking News

പെൺകുട്ടികളെ തൊട്ടാൽ സഹോദരന്മാരെ പോലെ പെരുമാറും: വിഡി സതീശൻ

കോഴിക്കോട്: ആജീവനാന്തകാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനാൽ പൊലീസ് സൂക്ഷിച്ച് പെരുമാറണം. പെൺകുട്ടികളെ തൊട്ടാൽ കോൺഗ്രസ് സഹോദരന്മാരെ പോലെ പെരുമാറും. കോൺഗ്രസും യുഡിഎഫും ഇവിടെ കാണും. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും ഭീരുക്കളായിരുന്നു. അതാണ് ഇവിടെ നടക്കുന്നത്. ഭയം മാറ്റാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി പോകുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാമൂഹിക ആഘാതം മുഴുവൻ മനസിലാക്കാതെയാണ് നികുതി പരിഷ്കാരങ്ങളെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സർക്കാർ 4,000 കോടി രൂപയുടെ അധിക നികുതിയാണ് ഈടാക്കുന്നത്. ഒരു കൈകൊണ്ട് പെൻഷനും കിറ്റും നൽകി മറ്റേ കൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു. അതാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യത ഉള്ള ഒന്നാമത്തെ സംസ്ഥാനം ആയി കേരളം മാറി. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണം കടക്കെണിയാണ്. ഇല്ലെങ്കിൽ എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ല എന്നദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി വരുന്നുണ്ടെങ്കിൽ ആരും പുറത്ത് ഇറങ്ങി നടക്കരുത് എന്ന അവസ്ഥയായി മാറിയിരിക്കുകയാണ്. ഒരു കാരണവും ഇല്ലാതെ ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യുന്നു. മുൻപ് മറ്റൊരു സർക്കാരിന്റെ കാലത്തും ഇല്ലാത്ത നടപടിയാണിത് ഇപ്പോഴെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …